ജൂലൈ മാസത്തിലെ കോട്ടയം ശാഖയുടെ മാസയോഗം, ഏറ്റുമാനൂരിലെ ഗീതാ രാമ പിഷാരടിയുടെ വസതിയായ “ശ്രീരാഗം” എന്ന ഭവനത്തിൽ വച്ച് നടന്നു.
കൃഷ്ണദിയയുടെ പ്രാർത്ഥനയ്ക്ക് ശേഷം, ഗീത പിഷാരസ്യാരുടെ മരുമകൾ ഹൃദ്യ അനൂപ് കോട്ടയം ശാഖയിലെ എല്ലാ അംഗങ്ങളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു.
അധ്യക്ഷൻ എ. പി. അശോക് കുമാർ തന്റെ അധ്യക്ഷപ്രസംഗത്തിൽ, ശാഖയിലെ എല്ലാ അംഗങ്ങളും ഓണാഘോഷം വൻവിജയമാക്കുന്നതിനായി ആത്മാർഥമായി സഹകരിക്കണമെന്ന് അഭ്യർഥിച്ചു.
തുടർന്ന് സെക്രട്ടറി കഴിഞ്ഞ മാസത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ട് യോഗം ഏകകണ്ഠമായി അംഗീകരിച്ചു.
തുടർന്ന് നടന്ന ചർച്ചകളും എടുത്ത തീരുമാനങ്ങളും :
(1) ആഗസ്റ്റ് 30-ന് ഏറ്റുമാനൂരിൽ ഓണാഘോഷവും വാർഷിക പൊതുയോഗവും നടത്തുവാൻ യോഗം തീരുമാനിച്ചു. കൃത്യമായ വേദിയും മറ്റ് പരിപാടികളുടെ വിശദാംശങ്ങളും വാട്ട്‌സ്ആപ്പിലൂടെയും ഫോൺ മുഖേനയും എല്ലാ അംഗങ്ങളെയും അറിയിക്കുന്നതാണ്. ഓണാഘോഷവും വാർഷിക പൊതുയോഗവും വൻ വിജയമാക്കുന്നതിന് എല്ലാ അംഗങ്ങളും സഹകരിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.
(2) 2026–28 കാലയളവിലേക്കുള്ള ശാഖാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ആഗസ്റ്റ് 30-ന് നടക്കുന്ന വാർഷിക പൊതുയോഗത്തിൽ വെച്ച് നടത്തുന്നതാണ്.
(3) ശാഖാ സ്കോളർഷിപ്പ്, കെ. പി. അശോക് കുമാർ മെമ്മോറിയൽ സ്കോളർഷിപ്പ്, കെ. പി. കെ. പിഷാരസ്യാർ മെമ്മോറിയൽ സ്കോളർഷിപ്പ് എന്നിവയ്ക്കായി പത്താം ക്ലാസിലും പ്ലസ് ടു പരീക്ഷയിലും വിജയിച്ച വിദ്യാർത്ഥികളിൽ നിന്ന് ശാഖാ അംഗങ്ങളുടെ ഭാഗത്തുനിന്ന് ഒരു അപേക്ഷ മാത്രമാണ് ലഭിച്ചത്. അതിനാൽ താഴെപ്പറയുന്ന പ്രകാരം മൂന്നു +1 വിദ്യാർത്ഥികൾക്കും കൂടി സ്കോളർഷിപ്പ് നൽകാൻ തീരുമാനിച്ചു.
കെ.പി.കെ.പിഷാരസ്യാർ മെമ്മോറിയൽ സ്ക്കോളർഷിപ്
വിനായക് A.പിഷാരോടി, +2
കെ.പി.അശോക് കുമാർ മെമ്മോറിയൽ സ്കോളർഷിപ്
പല്ലവി R, +1
ശാഖ നൽകുന്ന സ്ക്കോളർഷിപ്
അനന്തകൃഷ്ണൻ P. പിഷാരോടി, +1
ഭരത് K.പിഷാരോടി, +1
(4) 2025–26 വരെയുള്ള വാർഷിക വരിസംഖ്യ കുടിശ്ശികയുള്ള അംഗങ്ങൾ ആഗസ്റ്റ് 30-ന് നടക്കുന്ന വാർഷിക പൊതുയോഗത്തിന് മുമ്പോ അന്നേ ദിവസമോ കുടിശ്ശിക അടച്ച് തീർക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.
(5) 2025–26 വർഷത്തേക്കുള്ള ശാഖയുടെ വാർഷിക വരവ്-ചെലവ് കണക്ക് ഇതിനകം തന്നെ കേന്ദ്രത്തിലേക്ക് അയച്ചിട്ടുണ്ടെന്ന് സെക്രട്ടറി യോഗത്തെ അറിയിച്ചു.
(6) PE&WS ക്ഷേത്ര കഴകം ജീവനക്കാർക്കായി ഏർപ്പെടുത്തിയ അപകട ഇൻഷുറൻസ് പദ്ധതിയിൽ ഈ വർഷവും ശാഖയിലെ 10 ക്ഷേത്ര കഴകം ജീവനക്കാരെ ഓരോരുത്തർക്കും ₹100 വീതം പ്രീമിയം അടച്ച് പുതുക്കി ചേർത്തിട്ടുണ്ട്. കൂടാതെ, മൂന്ന് കഴകം ജീവനക്കാർ കൂടി ഈ ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചതിനാൽ അവരുടെ പേരുകളും പ്രീമിയം തുകയോടൊപ്പം കേന്ദ്രത്തിലേക്ക് അയച്ചിട്ടുണ്ട്.
ശ്രീമതി സുമംഗള നാരായണന്റെ നന്ദിപ്രസംഗത്തോടെ യോഗം സമാപിച്ചു.
തുടർന്ന്, യോഗം കഴിഞ്ഞ് മൂന്നുദിവസത്തിന് ശേഷം, കൊടകര ശാഖാംഗവും കോട്ടയം ശാഖാംഗങ്ങളായ മോളിക്കുട്ടിയുടെയും സത്യന്റെയും മരുമകനുമായ പിയൂഷ് ഗിരിജന്റെ ചികിത്സയ്ക്കായി ധനസമാഹരണം നടത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ അടിയന്തര ഓൺലൈൻ യോഗം ചേർന്നു. ക്യാൻസർ ബാധിതനായ പിയൂഷിന് ₹47 ലക്ഷം ചെലവ് വരുന്ന ബോൺ മാരോ ട്രാൻസ്‌പ്ലാന്റ് ശസ്ത്രക്രിയ നടത്തേണ്ട സാഹചര്യമുണ്ടായിരുന്നു.
യുദ്ധകാലാടിസ്ഥാനത്തിൽ ശാഖാ അംഗങ്ങളിൽ നിന്ന് ധനസമാഹരണം നടത്താൻ യോഗം തീരുമാനിച്ചു. മൂന്ന് ദിവസത്തിനുള്ളിൽ അംഗങ്ങളിൽ നിന്ന് ₹60,000 സമാഹരിക്കാൻ സാധിക്കുകയും, അത് പിയൂഷിന്റെ ഭാര്യ സുമിത്രയുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുകയും ചെയ്തു.
ഇതുകൂടാതെ, ശാഖയിലെ ചില അംഗങ്ങൾ നേരിട്ട് പിയൂഷിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മൊത്തം ₹4 മുതൽ ₹5 ലക്ഷം വരെ അയച്ചിട്ടുമുണ്ട്.
അകമഴിഞ്ഞ് സഹായിച്ച കോട്ടയം ശാഖയിലെ എല്ലാ അംഗങ്ങൾക്കും കോട്ടയം ശാഖ ഹൃദ്യമായ നന്ദി രേഖപ്പെടുത്തുന്നു.
കോട്ടയം ശാഖയിലെ എല്ലാ അംഗങ്ങളുടെയും പേരിൽ ശ്രീ. പിയൂഷ് ഗിരിജൻ എത്രയും വേഗം പൂർണ ആരോഗ്യത്തോടെ സുഖം പ്രാപിക്കട്ടെയെന്ന് ഹൃദയം നിറഞ്ഞ പ്രാർത്ഥനകളും ആശംസകളും നേരുന്നു.