Home June 2026 തൃശ്ശൂർ ശാഖ 2026 ജൂൺ മാസയോഗം

തൃശ്ശൂർ ശാഖ 2026 ജൂൺ മാസയോഗം

0
തൃശ്ശൂർ ശാഖ 2026 ജൂൺ മാസയോഗം

2026 ജൂൺ 21-ാം തീയതി ഞായറാഴ്ച വൈകുന്നേരം 4:00 മണിക്ക് പുങ്കുന്നം, പുഷ്പഗിരി, വിജയ് സായ് നികേതൻ, ഫ്ലാറ്റ് 9-B-ൽ ശ്രീ കെ.പി. ശ്രീകുമാറിന്റെ വസതിയിൽ വെച്ച് പ്രസിഡണ്ട് ശ്രീ കെ പി ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന തൃശ്ശൂർ ശാഖയുടെ പ്രതിമാസ യോഗത്തിൽ കുമാരി ദീപിക ശ്രീകുമാർ പ്രാർത്ഥന ചൊല്ലി.

ശ്രീമതി ഉഷ ചന്ദ്രൻ, ശ്രീമതി ജയ ഗോപകുമാർ, ശ്രീമതി രാധിക ശ്രീകുമാർ, ശ്രീ അച്യുതൻ സി.പി. എന്നിവർ ചേർന്ന് നാരായണീയം 26-ാം അധ്യായം പാരായണം ചെയ്യുകയും, തുടർന്ന് ആതിഥേയനായ ശ്രീ കെ.പി. ശ്രീകുമാർ ഏവരെയും സ്വാഗതം ചെയ്യുകയും ചെയ്തു. പ്രശസ്ത കവി കരിമ്പുഴ രാമചന്ദ്രൻ ഉൾപ്പെടെ പിഷാരോടി സമുദായത്തിൽ നിന്നും നമ്മെ വിട്ടുപിരിഞ്ഞവരുടെ ഓർമ്മകൾക്ക് മുന്നിൽ മൗന പ്രാർത്ഥന നടത്തി.


തുടർന്ന് പ്രസിഡന്റ് ശ്രീ കെ.പി. ഗോപകുമാർ തന്റെ അധ്യക്ഷപ്രസംഗത്തിൽ, 2027 മേയ് മാസത്തിലെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് മുന്നോടിയായി മധ്യമേഖലാ ആഘോഷങ്ങൾ സംഘടിപ്പിക്കുക, ഫണ്ട് ശേഖരണം നടത്തുക തുടങ്ങിയ വലിയ ഉത്തരവാദിത്തങ്ങൾ സമാജത്തിന് മുന്നിലുണ്ടെന്ന് ഓർമ്മിപ്പിക്കുകയും, കഴിഞ്ഞ മാസം ശ്രീമതി രാധിക ശ്രീകുമാറിന്റെ നേതൃത്വത്തിൽ മിനി ഊട്ടിയിലേക്ക് നടത്തിയ വിനോദയാത്രയുടെ അവലോകനവും, മടക്കയാത്രയിൽ പൊന്നാനി ബീച്ചും മുണ്ടൂരിനടുത്തുള്ള കുരുമലിക്കുന്നിലെ പ്ലാവ് തോട്ടവും (ആയുർജാക്ക് ഫാം) സന്ദർശിച്ച കാര്യങ്ങളും പങ്കുവെച്ചു. ഇതോടൊപ്പം, തമിഴ്‌നാട്ടിലെ യേർക്കാട് സ്കൈപാർക്കിലേക്ക് നടത്തിയ കുടുംബവിനോദയാത്രയ്ക്കിടെ ശ്രീ കെ.പി. ശ്രീകുമാറിന്റെ മകൾ കുമാരി ദേവിക ‘ബംഗീ ജമ്പ്’ എന്ന സാഹസിക വിനോദത്തിൽ വിജയകരമായി പങ്കെടുത്ത വിവരം യോഗത്തെ അറിയിക്കുകയും ധീരവും സാഹസികവുമായ ഇത്തരം വിനോദങ്ങളിൽ പങ്കെടുത്ത അവളെ കമ്മിറ്റി ഹൃദയപൂർവ്വം അഭിനന്ദിക്കുകയും ഭാവിയിലും ഇത്തരം ധീരമായ പ്രകടനങ്ങൾ തുടരാൻ സാധിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. തുടർന്ന് സെക്രട്ടറി ശ്രീ ആർ.പി. രഘുനന്ദനൻ കഴിഞ്ഞ മാസത്തെ റിപ്പോർട്ട് വായിക്കുകയും, മേയ് മാസത്തെ വരവ് ചെലവ് കണക്കുകൾ ട്രഷറർ ശ്രീ സേതുമാധവൻ അവതരിപ്പിക്കുകയും ചെയ്തത് യോഗം കയ്യടികളോടെ പാസാക്കി അംഗീകരിച്ചു.ശാഖ നടത്തുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തൃശ്ശൂരിനടുത്തുള്ള ജുവനൈൽ ഹോമിലേക്ക് സീലിംഗ് ഫാൻ ഉൾപ്പെടെയുള്ള ചില ഇലക്ട്രിക്കൽ സാധനങ്ങൾ അടിയന്തരമായി ആവശ്യമുണ്ടെന്ന് കാണിച്ച് അവർ സമാജത്തെ സമീപിച്ച വിഷയത്തിൽ,, PEWS ന്റെ സഹായത്തോടെ 10,000 രൂപ വരെയുള്ള പരിധി കണക്കാക്കി ഈ പ്രോജക്റ്റുമായി മുന്നോട്ട് പോകാൻ ശ്രീ വിനോദ് കൃഷ്ണനെ യോഗം ചുമതലപ്പെടുത്തി.

തൃശ്ശൂർ ശാഖയിലെ കഴകക്കാരുടെ (ക്ഷേത്ര ജീവനക്കാർ) ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട്, കഴിഞ്ഞ വർഷത്തെ ഇൻഷുറൻസ് ദാതാക്കളിൽ 20 പേർക്കുള്ള ഇൻഷുറൻസ് നടപടികൾ പൂർത്തിയാക്കാൻ പ്രസിഡന്റ്ശ്രീ ഗോപകുമാറിനെ ചുമതലപ്പെടുത്തി.മൂന്ന് അംഗങ്ങൾ തങ്ങളുടെ മക്കളുടെ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുന്നതിനാൽ ഈ പദ്ധതിയിൽ ചേരാൻ താല്പര്യമില്ലെന്ന് അറിയിച്ചത് കമ്മിറ്റി അംഗീകരിച്ചു.

തുടർന്ന്, തൃശ്ശൂർ ശാഖയിലെ അർഹരായ സ്കൂൾ/കോളേജ് വിദ്യാർത്ഥികളെ കണ്ടെത്തി PEWS സ്കോളർഷിപ്പ് പദ്ധതി പ്രകാരം ലഭ്യമായ ആനുകൂല്യങ്ങൾ നൽകണമെന്ന് വൈസ് പ്രസിഡന്റ് ശ്രീ എ രാമചന്ദ്ര പിഷാരടി നിർദ്ദേശിച്ചതുപോലെ ഈ സ്കോളർഷിപ്പുകളെക്കുറിച്ചുള്ള പരസ്യം ‘തുളസീദളം’ മാസികയിൽ നൽകാൻ യോഗം തീരുമാനിച്ചു.

വരിസംഖ്യാ ശേഖരണം ഇതിനകം ആരംഭിച്ചതായി സെക്രട്ടറി റിപ്പോർട്ട് ചെയ്യുകയും, അംഗങ്ങൾക്കായി വിദ്യാഭ്യാസം, ആദ്ധ്യാത്മികം, ധനകാര്യം എന്നിവയെക്കുറിച്ച് ക്ലാസുകൾ സംഘടിപ്പിക്കുന്നതിനായി വിശദമായ പ്രോഗ്രാം വിവരം സമർപ്പിക്കാൻ സെക്രട്ടറിയോട് ആവശ്യപ്പെടുകയും ചെയ്തു.

സുവർണ്ണ ജൂബിലി പ്രമാണിച്ച് പിഷാരോടി സമാജത്തിന് ഒരു ടാഗ്‌ലൈൻ (ആപ്തവാക്യം) കണ്ടെത്താനായി അംഗങ്ങളിൽ നിന്ന് പരമാവധി 3 നിർദ്ദേശങ്ങൾ വീതം ക്ഷണിക്കാനും, തിരഞ്ഞെടുക്കപ്പെടുന്ന ടാഗ്‌ലൈൻ സമർപ്പിക്കുന്ന വ്യക്തിക്ക് ചെറിയൊരു ക്യാഷ് പ്രൈസ് നൽകാനുമുള്ള സെക്രട്ടറിയുടെ നിർദ്ദേശം കമ്മിറ്റി പൂർണ്ണമായി അംഗീകരിച്ചു.

2026 ജൂൺ 21-ലെ അന്താരാഷ്ട്ര യോഗദിനത്തിൽ ശങ്കരൻകുളങ്ങര ഭക്ത മഹിളാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗാ ക്ലാസുകളും യൂട്യൂബ് വീഡിയോയിലൂടെ യോഗയുടെ പ്രാധാന്യം ഉദാഹരണ സഹിതം ഒരു കൗൺസിലിംഗ് പോലെ ജനങ്ങൾക്ക് ആത്മവിശ്വാസം നൽകുന്ന രീതിയിൽ അവതരിപ്പിക്കുകയും ചെയ്ത ശ്രീമതി ഭാഗ്യലക്ഷ്മി മോഹൻദാസിനെ (പണ്ഡിത രത്നം കെ പി നാരായണ പിഷാരടിയുടെ മകൾ ) കമ്മിറ്റി ഹൃദയപൂർവ്വം അഭിനന്ദിച്ചു; 74-ാം വയസ്സിലും ഇത്രയും ഊർജ്ജസ്വലതയോടെ അവർ ഈ പ്രോഗ്രാം നടത്തിയത് യൗവനം നിലനിർത്താൻ യോഗ എത്രത്തോളം സഹായിക്കും എന്നതിന്റെ മികച്ച തെളിവാണെന്ന് വിലയിരുത്തിയ യോഗം ഈ മികച്ച തുടക്കത്തിന് ശ്രീമതി ഭാഗ്യലക്ഷ്മിയെ ഔദ്യോഗികമായി അനുമോദിക്കുന്നതോടൊപ്പം, ഭാവിയിലും ഇതുപോലുള്ള പ്രോഗ്രാമുകൾ സംഘടിപ്പിക്കാൻ അവർക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

തുളസീദളം മാസികയുടെ എഡിറ്റർ ശ്രീ ഗോപൻ പഴുവിൽ വരാനിരിക്കുന്ന ഓഗസ്റ്റ് മാസത്തെ ഓണം ലക്കം പൂർണ്ണമായും കളർ പേജുകളിലായിരിക്കുമെന്ന് അറിയിക്കുകയും, നല്ല ലേഖനങ്ങളും കവിതകളും, കൂടാതെ മാസികയുടെ അച്ചടിച്ചെലവുകൾക്കായി പരസ്യങ്ങളും നൽകി സഹകരണo ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു ,

വാർഷിക പ്രോഗ്രാമിലോ ഓണം പ്രോഗ്രാമിലോ നടത്തുന്ന ഏതൊരു സാംസ്കാരിക പരിപാടിയും ‘തുളസീദള കലാ സാംസ്കാരിക സമിതി’യുടെ ബാനറിൽ മാത്രമായിരിക്കണം നടത്തേണ്ടതെന്ന് ശ്രീമതി സരസ്വതി അഭിപ്രായപ്പെട്ടു. തുളസീദളം കലാ സാം സ്‌ക്കാരീക സമിതി പ്രവർത്തനങ്ങളെ കുറിച്ച് ശ്രീ ഗോപൻ പഴുവിൽ വിശദീകരിച്ചു.

പിഷാരോടി സമാജം അടുത്തിടെ ഏറ്റെടുത്ത ഗോവിന്ദപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ PP&TDT ട്രസ്റ്റിന്റെ ബാനറിൽ നികുതി ഇളവ് ലക്ഷ്യമിട്ട് ഒരു മിനി ഓഡിറ്റോറിയം നിർമ്മിക്കാമെന്ന ശ്രീ എ രാമചന്ദ്ര പിഷാരടിയുടെ നിർദ്ദേശം ചർച്ച ചെയ്യുകയും, അതുമായി ബന്ധപ്പെട്ട് ജൂലൈ 5 ന് ക്ഷേത്രത്തിൽ നിറമാലയും ഭജനയും സംഘടിപ്പിച്ച് സമാജം അംഗങ്ങൾ പങ്കെടുക്കണമെന്ന് തീരുമാനിക്കുകയും, ഇതിന്റെ മേൽനോട്ടം വഹിക്കാൻ ശ്രീ വിനോദ് കൃഷ്ണനെ ചുമതലപ്പെടുത്തുകയും ചെയ്തു; ശ്രീ കെ പി ഹരികൃഷ്ണനും ക്ഷേത്രം സന്ദർശിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.

ആസ്ഥാന മന്ദിരത്തിൽ നടക്കുന്ന മരണാനന്തര കർമ്മങ്ങളുടെ നടത്തിപ്പിന്റെ ചുമതല ശ്രീ സി.പി. അച്യുതനെ ഏൽപ്പിക്കുവാൻ തീരുമാനിച്ചു.വല്ലച്ചിറ ട്രസ്റ്റിന്റെ പ്രവർത്തനത്തെ കുറിച്ച് ശ്രീ രാമചന്ദ്ര പിഷാരോടി സംസാരിച്ചു.

വിശദമായചർച്ചയിൽ ശ്രീ കെ പി ബാലകൃഷ്ണ പിഷാരോടി, ശ്രീ വിനോദ്കൃഷ്ണൻ, ശ്രീ കെ പി ഹരികൃഷ്ണൻ, ശ്രീ സി പി അച്യുതൻ, ശ്രീ ഗോവിന്ദൻ,ശ്രീ കൃഷ്ണകുമാർ, ശ്രീമതി എ പി സരസ്വതി, ശ്രീമതി രഞ്ജിനി ഗോപി,ശ്രീമതി അനിത ഹരികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

ശ്രീ കൃഷ്ണകുമാറിന്റെ (വെളപ്പായ) കൃതജ്ഞതാ പ്രകാശനത്തോടെയും, തന്റെ ഭവനത്തിൽ എത്തിച്ചേർന്ന ഏവർക്കും നന്ദി അറിയിച്ചുകൊണ്ടുള്ള ശ്രീമതി രാധിക ശ്രീകുമാറിന്റെ വാക്കുകളോടെയും വൈകീട്ട് 6:10-ഓടെ യോഗനടപടികൾ അവസാനിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here