Home 2026 തൃശ്ശൂർ ശാഖയുടെ 2026 ഫെബ്രുവരി മാസത്തെ യോഗം

തൃശ്ശൂർ ശാഖയുടെ 2026 ഫെബ്രുവരി മാസത്തെ യോഗം

0
തൃശ്ശൂർ ശാഖയുടെ 2026 ഫെബ്രുവരി മാസത്തെ യോഗം

തൃശൂർ ശാഖയുടെ പ്രതിമാസ യോഗവും അതോടൊപ്പം കേന്ദ്ര ഭരണ സമിതിയുടെ മദ്ധ്യ മേഖല സമിതി യോഗവും സംയുക്തമായി ഫെബ്രുവരി 8 ന് സമാജം ആസ്ഥാന മന്ദിരത്തിൽ പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ശ്രീ സി പി അച്ചുതന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു.ശ്രീ സി പി അച്യുതൻ, ശ്രീമതി ഉഷ ചന്ദ്രൻ, ശ്രീമതി എ പി സരസ്വതി, ശ്രീമതി ജയാ ഗോപൻ എന്നിവരുടെ നേതൃത്വത്തിൽ നാരായണീയം 22മത് ദശകം എല്ലാവരും ചേർന്ന് ചൊല്ലി. അടുത്ത കാലത്ത് ഈ ലോകം വിട്ടു പോയവരുടെ സ്മരണയിൽ മൗന പ്രാർത്ഥന നടത്തി.വൈസ് പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി ഏവർക്കും സ്വാഗതം പറഞ്ഞു. അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീ വിനോദ് കൃഷ്ണൻ വരിസംഖ്യ പിരിവ് 100 ശതമാനവും പൂർത്തിയായതായി അറിയിച്ചു.സെക്രട്ടറി ശ്രീ എ ജയദേവൻ റിപ്പോർട്ട് അവതരിപ്പിച്ചത് യോഗം കയ്യടികളോടെ പാസ്സാക്കി. ഇക്കഴിഞ്ഞ മാസം പ്രത്യേകം വരവ് ചിലവുകൾ ഇല്ലാതിരുന്നതിനാൽ കണക്കുകളും അവതരിപ്പിക്കാനുണ്ടായിരുന്നില്ല.ഇനി മുതൽ ശാഖാ യോഗങ്ങൾ നടത്തുന്ന ഭവനങ്ങൾക്ക് ഒരു സ്നേഹോപഹാരം നൽകുന്നത് നന്നായിരിക്കും എന്ന് ശ്രീ കെ പി ഗോപകുമാർ അഭിപ്രായപ്പെട്ടു. ഈ വിഷയം ചർച്ച ചെയ്യുകയും തത്വത്തിൽ അംഗീകരിക്കുകയും അടുത്ത യോഗത്തിൽ തീരുമാനത്തിന് മാറ്റി വെക്കുകയും ചെയ്തു.2027 മേയ് മാസത്തിൽ തൃശ്ശൂരിൽ വെച്ചു നടക്കുന്ന സമാജത്തിന്റെ അമ്പതാം വാർഷികം വളരെ ഗംഭീരമായി നടത്തേണ്ടതുണ്ടെന്ന് ശ്രീ എ രാമചന്ദ്ര പിഷാരോടി പറഞ്ഞു. അതിനു വേണ്ടി വിവിധ മേഖലകളുടെ അടിസ്ഥാനത്തിൽ നടന്നു വരുന്ന പ്രാഥമീകമായ തയ്യാറെടുപ്പുകളെ പറ്റി ശ്രീ എ രാമചന്ദ്ര പിഷാരോടി വിശദീകരിച്ചു.

തുടർന്ന് സമാജം ഗോൾഡൻ ജുബിലി ജനറൽ കൺവീനർ ശ്രീ രാജൻ സിത്താര ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ള വിവരങ്ങൾ യോഗവുമായി പങ്കു വെച്ചു.മേഖലാടിസ്ഥാനത്തിൽ 4ഘട്ടങ്ങളായിട്ടാണ് നടത്താൻ ഉദ്ദേശിക്കുന്നത്. ആരംഭം എന്ന നിലയിൽ ഈ വർഷം മേയ് മാസത്തിൽ ചൊവ്വര വെച്ച് വളരെ ഗംഭീരമായി തന്നെ ആഘോഷങ്ങൾക്ക് തുടക്കമിടും. ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിന് വേണ്ടി ശ്രീ കെ കൃഷ്ണകുമാറിനെ (ചൊവ്വര) പ്രോഗ്രാം കോർഡിനേറ്റർ ആയി തിരഞ്ഞെടുത്തിട്ടുണ്ട്. വലിയ ആഘോഷങ്ങൾ എന്നതിനപ്പുറം ജൂബിലിയോടനുബന്ധിച്ച് പുതിയ ഒരു മെഗാ പ്രോജക്റ്റിനെ പറ്റി കൂടി ചിന്തിക്കേണ്ടതുണ്ട്. സിൽവർ ജൂബിലിയുമായി ബന്ധപ്പെട്ടാണ് നമുക്ക് ഒരു ഗസ്റ്റ് ഹൌസ് ഉണ്ടായത്. അത് ഇന്ന് നമുക്ക് വളരെ അഭിമാനം നൽകുന്നുണ്ട്. അതുപോലെ ഈ ഗോൾഡൻ ജൂബിലിക്കും യുവതലമുറക്ക് കൂടി ഏറെ ഗുണകരമാവുന്ന വലിയൊരു പദ്ധതി കൂടി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നത് നന്നായിരിക്കും. ജുബിലി യുമായി ബന്ധപ്പെട്ട് മറ്റൊരു പദ്ധതി. ശാഖകളുടെ ചരിത്ര നിർമ്മിതിയാണ്.ഓരോ ശാഖയും രൂപപ്പെട്ടത് എങ്ങനെ? ആരൊക്കെയാണ് അതിനു വേണ്ടി പ്രവർത്തിച്ചത് തുടങ്ങി ശാഖാ ചരിത്രം വിശദമായി വീഡിയോ വഴി പകർത്തി ഡോക്യൂമെന്ററി ആയി പ്രദർശിപ്പിക്കാനും സൂക്ഷിക്കാനും ആണ് പദ്ധതി ഇട്ടിട്ടുള്ളത്.ജൂബിലിയുമായി ബന്ധപ്പെട്ട് ലോഗോ, പോസ്റ്ററുകൾ, മോഷൻ പോസ്റ്ററുകൾ, പതാക എന്നിവ ഉടനെ തയ്യാറാക്കേണ്ടതുണ്ട് അതിനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.യുവ തലമുറക്ക് കഴിയുന്നത്ര പ്രോത്സാഹനങ്ങൾ നൽകാൻ സംഗീത നാടക അക്കാദമി അംഗീകാരമുള്ള സമിതി രൂപീകരിച്ചിട്ടും യുവജനസമിതി ഉണ്ടാക്കിയിട്ടും അവരിൽ നിന്നും യാതൊരു പ്രതികരണമോ സഹകരണമോ ഉണ്ടായില്ല എന്നതിൽ വിഷമം തോന്നുന്നുണ്ട് എങ്കിലും അവർക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമായി നടത്തുന്നതാണ് എന്നും ശ്രീ രാജൻ സിത്താര പറഞ്ഞു

ശ്രീ കെ പി ബാലകൃഷ്ണ പിഷാരോടി സിൽവർ ജൂബിലിയായി ബന്ധപ്പെട്ട് ഗുരുവായൂർ ഗസ്റ്റ് ഹൗസ് ഉണ്ടായത് എങ്ങനെ എന്ന് വിശദീകരിച്ചു. അത് പോലെ ഗോൾഡൻ ജൂബിലിയിലും ഒരു മെഗാ പ്രോജക്റ്റ് ഉണ്ടാകേണ്ടിയിരിക്കുന്നു. ശ്രീ സി പി അച്യുതൻ സമാജം പ്രസിഡണ്ട് /ശാഖ വൈസ് പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി എൺപതാം പിറന്നാളിൽ എത്തിയ വിവരം യോഗത്തെ അറിയിച്ചു. ശ്രീ കെ പി ബാലകൃഷ്ണ പിഷാരോടി ശ്രീ രാമചന്ദ്ര പിഷാരോടിയെ പൊന്നാട അണിയിച്ച് ആദരിച്ചു.

സിൽവർ ജൂബിലിയുമായി ബന്ധപ്പെട്ട യോഗത്തിലും പ്രവർത്തനങ്ങളിലും ഇപ്പോൾ ഗോൾഡൻ ജൂബിലി യോഗത്തിലും പ്രവർത്തനങ്ങളിലും പങ്കെടുക്കാൻ സാധിച്ചത് വലിയ ഭാഗ്യമായി കാണുന്നു എന്ന് ജനറൽ സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ പറഞ്ഞു. കേരളത്തിലുള്ള ശാഖകൾ, കേരളേതര ശാഖകൾ എന്നിവയിൽ പ്രവർത്തനങ്ങൾ മന്ദീഭവിച്ചു കിടക്കുന്നവയെ കൂടുതൽ പ്രവർത്തന നിരതരാക്കുക എന്നത് നമ്മുടെ പ്രതിബദ്ധതയാണ്. അതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഗുരുവായൂർ ഗസ്റ്റ് ഹൌസ് പോലെ ഈ ജൂബിലിയിലും ഒരു വമ്പൻ പദ്ധതി നമ്മുടെ പ്രധാന ലക്ഷ്യമാണ്.അതിൽ യുവജനങ്ങൾക്കും സ്ത്രീ കൾക്കും പ്രയോജനകരമാവുന്ന ആശയങ്ങൾക്ക് മുഖ്യ സ്ഥാനമുണ്ട്.ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷങ്ങൾക്ക് ചൊവ്വരയിൽ തുടക്കമിട്ടു കഴിഞ്ഞു. പിഷാരോടി സമാജം സ്ഥാപിതമായ കാലത്ത് തന്നെ പ്രവർത്തനമാരംഭിച്ചതാണ് ചൊവ്വര ശാഖ. കേന്ദ്ര ഭരണ സമിതിയുമായി യോജിച്ചു കൊണ്ട് ജയന്തി ആഘോഷമായി ഈ വർഷം മേയ് മാസത്തിൽ അവിടെ ഗംഭീര പ്രോഗ്രാം അരങ്ങേറും.ചൊവ്വര വെച്ച് നടന്ന ദക്ഷിണ മേഖല യോഗം, പാലക്കാട് വെച്ച് നടന്ന ഉത്തര മേഖല യോഗം എന്നിവയിലെല്ലാം എല്ലാവരുടെയും പരിപൂർണ്ണ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്.ഇവിടെ മദ്ധ്യ മേഖലയിലും നമുക്ക് കുറെ കാര്യങ്ങൾ ഉടനെ ചെയ്യേണ്ടതുണ്ട്.കുട്ടികളും പ്രായമായവരും എന്നതിനൊപ്പം തന്നെ ഇവർക്കിടയിൽ പ്രായമുള്ള ഒരു വിഭാഗം അതായത് 35 വയസ്സിനും 50 വയസ്സിനും ഇടയിലുള്ളവർ നമ്മുടെ ഇടയിൽ ഉണ്ട്. അവരിൽ ഒട്ടുമുക്കാൽ പേരും സമാജത്തെ പറ്റിയോ സമാജം പ്രവർത്തനങ്ങളെ പറ്റിയോ അജ്ഞരാണ്.അവരുടെ സഹകരണങ്ങൾ കൂടി നമുക്ക് ഉറപ്പാക്കേണ്ടതുണ്ട്.

ചർച്ചയിൽ ശ്രീ കെ കെ കൃഷ്ണ കുമാർ (ചൊവ്വര), ശ്രീ രാജൻ എ പിഷാരോടി (ഇരിഞ്ഞാലക്കുട), ശ്രീ കെ പി ബാലകൃഷ്ണ പിഷാരോടി(തൃശൂർ),ശ്രീ സി പി അച്യുതൻ (തൃശൂർ),ശ്രീ കെ പി ഗോപകുമാർ ( തൃശൂർ), ശ്രീമതി ഉഷ (കൊടകര), ശ്രീ
മതി വിജയലക്ഷ്മി (ഗുരുവായൂർ) എന്നിവർ പങ്കെടുത്തു.

ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ മദ്ധ്യ മേഖല കോർഡിനേറ്റർമാരായി ശ്രീ മുരളി ബാല (ഇരിഞ്ഞാലക്കുട), ശ്രീ കെ പി ഗോപകുമാർ (തൃശൂർ) എന്നിവരെ നിശ്ചയിച്ചു.

ശ്രീ സി പി രാമചന്ദ്രന്റെ (കൊടകര) നന്ദിയോടെ യോഗം 12 മണിക്ക് അവസാനിച്ചു.

നന്ദിയോടെ
സെക്രട്ടറി
എ. ജയദേവൻ പിഷാരോടി

LEAVE A REPLY

Please enter your comment!
Please enter your name here