Site icon Pisharody Samajam

കോങ്ങാട് ശാഖ 2026 സെപ്റ്റംബർ മാസയോഗം

കോങ്ങാട് ശാഖയുടെ സെപ്റ്റംബർ മാസ യോഗം 16/09/2026 ബുധനാഴ്ച രാവിലെ 10 മണിക്ക് ശാഖാ മന്ദിരത്തിൽ വെച്ച് ശ്രീ ടി പി അച്യുതാനന്ദൻ്റെ അധ്യക്ഷതയിൽ ചേർന്നു. ശ്രീമതി എം പി ഉഷാദേവി പ്രാർഥന ചൊല്ലി. ശ്രീമതി പുഷ്പ ഹരിദാസ്, ശ്രീമതി ഉഷാദേവി എന്നിവർ ചേർന്ന് പുരാണ പാരായണം ചെയ്തു.

അധ്യക്ഷൻ തൻ്റെ ഉപക്രമ പ്രസംഗത്തിൽ യോഗത്തിന് എത്തിച്ചേർന്നവരെ സ്വാഗതം ചെയ്തു സംസാരിച്ചു. സംസ്ഥാന സ്കൗട്ട്സ് ആൻ്റ് ഗൈഡ്‌സ് അസോസിയേഷൻ്റെ മെഡൽ ഓഫ് മെറിറ്റ് അവാർഡ് നേടിയ ശ്രീ കെ കെ പിഷാരടി, സാഷ്ടാംഗം പുരസ്കാരം നേടിയ തിമില കലാകാരൻ കോങ്ങാട് രാധാകൃഷ്ണൻ എന്നിവരെ അനുമോദിച്ചു. കഴിഞ്ഞ ഒരു മാസ കാലയളവിൽ അന്തരിച്ച നമ്മുടെ സമുദായ അംഗങ്ങൾക്ക് പ്രത്യേകിച്ച് പാലൂർ പുത്തൻ പിഷാരത്ത് നാരായണി പിഷാരസ്യാർ (വിളയിൽ പിഷാരം, പുഞ്ചപ്പാടം) ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് മൗന പ്രാർത്ഥന നടത്തി.

തുടർന്ന് 30/08/2026ന് നടന്ന ശാഖാ വാർഷികവും, പിഷാരോടി സമാജം സുവർണ്ണ ജൂബിലിയുടെയും, തുളസീദളം സംസ്കാരിക സമിതിയുടെയും ഉത്തര മേഖല സമ്മേളനം എന്നിവ വളരെ ഗംഭീരമായി നടത്താൻ കഴിഞ്ഞു എന്നതിൽ അതിയായ സന്തോഷം പ്രകടിപ്പിച്ചു. കോങ്ങാട് ശാഖാ ഭാരവാഹികളുടെയും, ഉത്തര മേഖലയിലെ ഇതര ശാഖകളായ പാലക്കാട്, ആലത്തൂർ, പട്ടാമ്പി,മഞ്ചേരി സഹകരണം ശ്ലാഖനീയം ആയിരുന്നു എന്നും അറിയിച്ചു.

കലാ പരിപാടികൾ ഒന്നിനൊന്ന് മികച്ച പ്രകടനം ആയിരുന്നു, വിശേഷിച്ച് കോങ്ങാട് ശാഖയിലെ കലാകാരന്മാർ അവതരിപ്പിച്ച സംഗീത സമന്വയം (ഫ്യൂഷൻ) നല്ല നിലവാരം പുലർത്തി എന്ന് പരിപാടി നേരിട്ടും യൂട്യൂബിലും കണ്ടവർ അഭിപ്രായപ്പെട്ടു.

കേന്ദ്ര പ്രസിഡണ്ടും ജനറൽ സെക്രട്ടറിയും നേരിട്ട് വിളിച്ചു അവരുടെ സന്തോഷം പങ്കുവച്ചു പങ്കെടുത്ത കലാകാരന്മാരെ അഭിനന്ദിച്ചു. കഴിഞ്ഞ യോഗത്തിൻ്റെ റിപ്പോർട്ട് വാട്സാപ്പിൽ പ്രസിദ്ധീകരിച്ചത് ഇതിനകം തന്നെ എല്ലാവരും വായിച്ചതായി അറിയിച്ചു. ട്രഷറർ വാർഷികത്തിൻ്റെ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചത് എല്ലാവരും അംഗീകരിച്ചു.

21/09/2026 തിങ്കളാഴ്ച ഒരു തീർഥാടന യാത്ര കൊടകര ഗോവിന്ദപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് നടത്താൻ തീരുമാനിച്ചതായി മഹിളാ വിംഗ് അറിയിച്ചു. താത്പര്യമുള്ളവർക്ക് അതിൽ പങ്കെടുക്കാമെന്നും അറിയിച്ചു.
അത് പ്രകാരം സർവ്വശ്രീ എം പി ഹരിദാസൻ, കെ പി ഗോവിന്ദൻ, കെ പി പ്രഭാകരൻ, ഈ പി ശ്രീധരൻ, സുരേഷ് കുമാർ എന്നിവർ കുടുംബ സമേതം പങ്കെടുക്കുമെന്ന് അറിയിച്ചു.

ശ്രീ സുരേഷ് കുമാറിൻ്റെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു

Exit mobile version