തൃശൂർ ശാഖയുടെ പ്രതിമാസ യോഗം ജൂലൈ 19 ഞായറാഴ്ച്ച വൈകീട്ട് 4 ന് പുറനാട്ടുകര ശ്രീ എം പി ശ്രീകുമാറിന്റെ വസതി സരയുവിൽ വൈസ് പ്രസിഡന്റ് ശ്രീ എ. രാമചന്ദ്ര പിഷാരടിയുടെ അദ്ധ്യക്ഷതയിൽ മാസ്റ്റർ നവനീത് കൃഷ്ണന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. രാമായണം 34,35 ദശകങ്ങൾ ശ്രീമതി എ പി സരസ്വതി, ശ്രീമതി ഉഷ ചന്ദ്രൻ, ശ്രീമതി ശാരദാമണി, ശ്രീമതി സരയൂ ഉണ്ണികൃഷ്ണൻ, സർവ്വശ്രീ സി പി അച്യുതൻ, ജി ആർ ഗോവിന്ദൻ എന്നിവരുടെ നേതൃത്വത്തിൽ എല്ലാവരും ചേർന്ന് പാരായണം ചെയ്തു.ഗൃഹനാഥൻ ശ്രീ എം പി സുരേഷ് എല്ലാവർക്കും സ്വാഗതം പറഞ്ഞു. ഇക്കഴിഞ്ഞ കാലയളവിൽ ഈ ലോകം വിട്ടുപോയ എല്ലാവരുടെയും സ്മരണകളിൽ മൗന പ്രാർത്ഥന നടത്തി.
അദ്ധ്യക്ഷ പ്രസംഗത്തിൽ ശ്രീ രാമചന്ദ്ര പിഷാരടി ഗോവിന്ദപുരം നവനീത കൃഷ്ണ ക്ഷേത്രം സമാജം ഏറ്റെടുത്ത വിവരം അറിയിച്ചു.
സമുദായത്തിലെ എല്ലാവരും അവിടം സന്ദർശിക്കണം. വിഗ്രഹത്തിൽ ചാർത്താനായി. 4.59 ലക്ഷം രൂപ ചെലവ് കണക്കാക്കി ഒരു വെള്ളി ഗോളക നിർമ്മിച്ച് അഷ്ടമി രോഹിണി ദിവസം ഭഗവാന് സമർപ്പിക്കുന്നുണ്ട്.ക്ഷേത്രം ട്രസ്‌റ്റിയിലേക്ക് കഴിയുന്നത്ര സമുദായാംഗങ്ങളിൽ നിന്ന് അംഗത്വ ഫീസായി 1000 രൂപ വീതം ശേഖരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
തൃശൂർ ശാഖയിൽ നിന്നും ഇതുവരെ 40 പേരുടെ ട്രസ്റ്റ് മെമ്പർഷിപ്പ് ശേഖരിച്ചിട്ടുണ്ട് എന്നും അത് ദൈനം ദിന ചെലവുകൾക്ക് ഉപയോഗിക്കില്ലെന്നും എന്നാൽ ഗോളക നിർമ്മിക്കുന്ന ചെലവിലേക്ക് അത്യാവശ്യമെങ്കിൽ താൽക്കാലികമായി എടുക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു. യോഗത്തിൽ വച്ചു തന്നെ സമാജം മുൻ പ്രസിഡണ്ട് ശ്രീ കെ പി ബാലകൃഷ്ണൻ തൻെറ കുടുംബമായ”നാരായണീയ”ത്തിലെ ആറു പേരുടെ ട്രസ്റ്റ് മെമ്പർഷിപ്പ് തുകയായ ആറായിരം രൂപ ശ്രീ രാമചന്ദ്രപിഷാരോടിക്ക് കൈമാറി. മുൻ ജനറൽസെക്രട്ടറി ശ്രീ സി പി അച്യുതൻ രണ്ടു പേരുടെ ട്രസ്റ്റ് മെമ്പർഷിപ്പ് തുക നല്കി.
സെക്രട്ടറി ശ്രീ ആർ പി രഘു നന്ദനൻ റിപ്പോർട്ടും ട്രഷറർ ശ്രീ സേതുമാധവൻ കണക്കും അവതരിപ്പിച്ചത് കയ്യടികളോടെ പാസാക്കി. വരിസംഖ്യ ശേഖര പ്രവർത്തനങ്ങൾ ത്വരിത ഗതിയിൽ നടന്നു വരുന്നു എന്ന് ശ്രീ സേതുമാധവൻ പറഞ്ഞു.
വർഷാ വർഷം നടന്നു വരുന്ന കർക്കടക മാസത്തിലെ രാമായണ പാരായണത്തിന്റെ ഉദ്ഘാടനം ജൂലൈ 17ന് ഗോവിന്ദപുരം ക്ഷേത്രത്തിൽ നടന്നതിനെ പറ്റി ജനറൽ സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ വിശദീകരിച്ചു. ജൂലൈ 18 മുതൽ പതിവ് പോലെ ആചാര്യൻ ശ്രീ രാജൻ രാഘവന്റെ നേതൃത്വത്തിൽ ഒൺലൈൻ വഴി ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന രാമായണ പാരായണം ആരംഭിച്ചു.വായന ഒൺലൈനിൽ എല്ലാവരിലും എത്തിക്കുന്നത് ശ്രീമതി അനിത ഹരികൃഷ്ണൻ ആണ്. സമാജത്തിൽ സ്ത്രീകൾക്ക് നൽകുന്ന പ്രാധാന്യത്തിന്റെ മാതൃകയായി ഇത് കാണാവുന്നതാണ്.
2026 സെപ്റ്റംബർ 13 ന് സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് ഓണാഘോഷം നടത്താൻ തീരുമാനിച്ചു.
ഓണാഘോഷത്തോടനുബന്ധിച്ച് തൃശൂർ ശാഖ തുടർച്ചയായി നടത്തി വരുന്ന ജീവ കാരുണ്യ പ്രവർത്തികളെ കുറിച്ച് പ്രസിഡണ്ട് ശ്രീ കെ പി ഗോപകുമാർ, ശ്രീ വിനോദ് കൃഷ്ണൻ, ശ്രീ കെ പി ഹരികൃഷ്ണൻ എന്നിവർ വിശദീകരിച്ചു. ഈ വർഷം നടത്തുന്ന നടത്തുന്ന ജീവകാരുണ്യ പ്രവർത്തന ഫണ്ടിലേക്ക് അംഗങ്ങളിൽ നിന്ന് ഏകദേശം 8000 രൂപ പിരിഞ്ഞു കിട്ടി.
NEET-UG 2026 പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 1798-ാം റാങ്ക് (AIR 1798) കരസ്ഥമാക്കിയ എറണാകുളം ശാഖാംഗങ്ങളായ ശ്രീ നാരായണൻകുട്ടിയുടെയും ശ്രീമതി ദിവ്യയുടെയും മകൻ അനന്തകൃഷ്ണന് കമ്മിറ്റി ഹാർദ്ദവമായ അഭിനന്ദനങ്ങളും സന്തോഷവും രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ഉന്നത മെഡിക്കൽ വിദ്യാഭ്യാസത്തിനും ഭാവി ജീവിതത്തിനും യോഗം ആശംസകൾ നേർന്നു.
തുളസീദളം ഓഗസ്റ്റ് ലക്കം ഓണപ്പതിപ്പായി മുഴുവൻ കളർ പേജുകളോടെയാണ് പ്രസിദ്ധീകരിക്കുന്നതെന്നും കഴിയുന്നത്ര പരസ്യങ്ങൾ സംഘടിപ്പിച്ച് ഓണപ്പതിപ്പ് വിജയിപ്പിക്കാൻ സഹകരിക്കണമെന്നും ശ്രീ ആർ പി രഘുനന്ദനൻ അഭ്യർത്ഥിച്ചു.ശാഖയിലെ കഴകക്കാർക്കുള്ള ഇൻഷുറൻസ് പുതുക്കൽ അൽപ്പം കൂടി ബാക്കിയുണ്ടെന്നും എത്രയും പെട്ടെന്ന് തീർക്കുമെന്നും ശ്രീ രഘു നന്ദനൻ പറഞ്ഞു
സമാജം അമ്പതാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ ഉത്തര മേഖല, മദ്ധ്യ മേഖല, ദക്ഷിണ മേഖല എന്നിങ്ങനെ വിഭാഗിച്ച് നടന്നു വരുന്ന കാര്യം ശ്രീ കെ പി ഗോപകുമാർ അറിയിച്ചു. ഇതിൽ മദ്ധ്യ മേഖല വിഭാഗത്തിന്റെ ആഘോഷം 2026ഡിസംബർ 27 ന് തൃശ്ശൂരിൽ വെച്ചാണ് നടക്കുന്നത്. അതിന്റെ മുന്നൊരുക്കങ്ങൾ ഉടനെ ആരംഭിക്കുന്നതാണ്.
രാമായണ പാരായണത്തിന്റെ സമാപനം പതിവ് പോലെ 2026 ഓഗസ്റ്റ് 16 ന് ആസ്ഥാനമന്ദിരത്തിൽ വെച്ച് നടത്തുന്നതാണ്.അന്ന് അവിടെ വെച്ചു തന്നെ തൃശൂർ ശാഖയുടെ ഓഗസ്റ്റ് മാസത്തിലെ യോഗവും ചേരുന്നതാണ്.
മുൻ കാലങ്ങളിൽ സമാജത്തിൽ നില നിന്നിരുന്ന രക്ഷാധികാരി പദവി പുന:സ്ഥാപിക്കുന്നകാര്യം കേന്ദ്ര ഭരണസമിതിയിൽ അവതരിപ്പിക്കാവുന്നതാണെന്ന് ശ്രീ എ രാമചന്ദ്ര പിഷാരോടി അഭിപ്രായപ്പെട്ടു. അങ്ങനെ ചെയ്യണമെങ്കിൽ ബൈ ലോയിൽ ഭേദഗതി വരുത്തേണ്ടതുണ്ടെന്ന് ശ്രീ സി പി അച്യുതൻ ചൂണ്ടിക്കാണിച്ചു. ബൈലോ ഭേദഗതികളുടെ പ്രവർത്തനം നടന്നു വരികയാണെന്നും അതോടൊപ്പം ശാഖയുടെ ഈ നിർദ്ദേശം കൂടി കേന്ദ്രത്തിന്റെ പരിഗണനക്ക് അയക്കാവുന്നതാണെന്നും ശ്രീ കെ പി ഹരികൃഷ്ണൻ പറഞ്ഞു. അതിനു വേണ്ട ഔദ്യോഗിക അപേക്ഷ സമർപ്പിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
യോഗത്തിന്റെ അവസാനം ശ്രീ എം പി ശ്രീകുമാറിന്റെ മരുമകൻ ശ്രീ ഉണ്ണികൃഷ്ണൻ കോങ്ങാട് ആലപിച്ച മനോഹരമായ അഷ്ട പദിയെയും ശ്രീ ജി ആർ ഗോവിന്ദൻ ആലപിച്ച ഭക്തി ഗാനത്തെയും എല്ലാവരും കയ്യടികളോടെ അഭിനന്ദിച്ചു.
ശ്രീ കെ പി ഗോപകുമാറിന്റെ നന്ദിയോടെ യോഗം 6 ന് അവസാനിച്ചു.

