പിഷാരോടി സമാജം കൊടകര ശാഖയുടെ 2026 ജൂണ്‍ മാസത്തെ യോഗം 21.06.2026 ഞായറാഴ്ച തൃക്കൂര്‍ മഹാദേവക്ഷേത്രത്തിന് അടുത്തുള്ള തൃക്കൂർ പിഷാരത്ത് ശ്രീമതി രാധ പിഷാരസ്യാരുടെ ഭവനത്തിൽ വച്ച് ചേർന്നു .
ഗൃഹനാഥയായ രാധ പിഷാരസ്യാരോടൊപ്പം, സുജ ആഷിഷ്, ബേബി വേണുഗോപാല്‍ എന്നിവരും കൂടി ആലപിച്ച ഈശ്വര പ്രാർത്ഥനയോടെ യോഗ നടപടികൾ ആരംഭിച്ചു. കഴിഞ്ഞ മാസക്കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞ സമുദായ അംഗങ്ങൾക്കും മറ്റു ആദരണീയ വ്യക്തികളുടെയും വിയോഗത്തിൽ മൗനം ആചരിച്ച് ആദരാഞ്ജലികൾ നേര്‍ന്നു.
ഗൃഹനാഥൻ ആഷിഷ് കൃഷ്ണന്‍ യോഗത്തിന് എത്തിച്ചേർന്ന എല്ലാവർക്കും സ്വാഗതം ആശംസിച്ചു.
ശാഖ പ്രസിഡന്‍റ് ഉഷ ശ്രീധരൻ അധ്യക്ഷത വഹിച്ച് സംസാരിച്ചു. മുന്‍ മാസങ്ങളേക്കാള്‍ അംഗങ്ങള്‍ കുറഞ്ഞതില്‍ അല്പം ഖേദം പ്രകടിപ്പിച്ചെങ്കിലും ആയത് ദൂരക്കൂടുതലും മറ്റ് വിശേഷങ്ങളും മൂലമാണെന്നും, അടുത്ത യോഗങ്ങളില്‍ കൂടുതല്‍ അംഗസംഖ്യ ഉണ്ടാകണമെന്നും അഭിപ്രായപ്പെട്ടു.
ഇന്നേ ദിവസം എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന കാവല്ലൂര്‍ പിഷാരത്ത് ശോഭന പിഷാരസ്യാര്‍ക്ക് ആയുരാരോഗ്യ സൌഖ്യവും ആശംസകളും നേര്‍ന്നു.
വര്‍ഷം തോറും ശാഖയും കേന്ദ്രവും നല്‍കി വരുന്ന വിദ്യാഭ്യാസ അവാര്‍ഡ് / ധനസഹായം എന്നിവക്കുള്ള അപേക്ഷകള്‍ സെക്രട്ടറിക്ക് രേഖാമൂലം 15.07.2026 ന് മുമ്പായി ലഭ്യമാക്കുന്നതിന് അറിയിപ്പ് നല്‍കുന്നതിന് തീരുമാനിച്ചു.
കൊടകര ശാഖയുടെ സ്ഥാപനം ഏപ്രിൽ 16 നാണ് എന്നതിനാൽ എല്ലാ വർഷവും ഈ ദിവസം വാർഷികമായി ആഘോഷിക്കുന്നതും ഉചിതം ആണെന്നുള്ള മുന്‍ യോഗത്തിലെ ആശയം വിശദമായി ചര്‍ച്ച ചെയ്തു. ആ പ്രത്യേക ദിവസം അവധി ദിനമായി വരുന്ന സാഹചര്യത്തില്‍ വാര്‍ഷികാഘോഷം നടത്താമെങ്കിലും അല്ലാതെ വരുന്ന സാഹചര്യത്തില്‍ ആയത് ബുദ്ധിമുട്ടാകുമെന്നും അഭിപ്രായം വന്നു. മേല്‍ സാഹചര്യത്തില്‍ സ്ഥാപക ദിനത്തില്‍ പരമാവധി പേര്‍ ചേര്‍ന്ന് ഒരു യോഗം ആകാമെന്ന് നിശ്ചയിച്ചു. ഒരു വെൽഫയർ നിധിക്കായി പിറന്നാൾ ദിനങ്ങളിൽ ഒരു ചെറിയ തുക നൽകുന്ന പിറന്നാൾ മധുരത്തിലൂടെ നന്മ എന്ന ആശയം അവതരിപ്പിച്ചത് തുടരുകയും രാജന്‍ സിതാര, ജയന്‍ ടി.ആര്‍, ഉഷ ശ്രീധരന്‍, സുനിൽ കാവല്ലൂർ എന്നിവര്‍ ആയതിലേക്ക് സ്നേഹപൂര്‍വ്വം വിഹിതം കൈമാറുകയും ചെയ്തു. ശാഖാ വരിസംഖ്യ- തുളസീദളം എന്നിവയുടെ വിഹിതം കൈമാറുന്നതില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നതിനും, നിശ്ചിത തീയതിക്കകം കഴകക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് വിഹിതം നല്‍കുന്നതിനും അറിയിപ്പ് നല്‍കുന്നതിനും തീരുമാനിച്ചു. ശാഖയുടെ നേതൃത്വത്തില്‍ ഒരു അക്ഷരശ്ലോക സദസ്സ് ഉണ്ടാക്കുന്നത് അഭികാമ്യമാണെന്നും ഓര്‍മ്മശക്തിക്കും, സാംസ്കാരിക പൈതൃകം നിലനിര്‍ത്തുന്നതിനും ആയത് ഗുണപ്രദമാണെന്നും അഭിപ്രായപ്പെട്ടു. സതി മണികണ്ഠന്‍, രാധക്കുട്ടി, ബേബി വേണുഗോപാല്‍, രാമചന്ദ്രന്‍ ടി പി എന്നിവര്‍ അക്ഷരശ്ലോകത്തില്‍ പങ്കെടുത്തു.
പിഷാരോടി സമാജം ഏറ്റെടുത്ത മുരിയാട് പാറേകാട്ടുകര ഗോവിന്ദപുരം ക്ഷേത്രത്തിന്‍റെ ആദ്യ പ്രത്യേക യോഗം, മറ്റ് വിശദാംശങ്ങള്‍ എന്നിവ രാജന്‍ സിതാര വിശദീകരിക്കുകയും ശാഖയിലെ ഓരോ അംഗവും മേല്‍ ട്രസ്റ്റില്‍ ആജീവനാന്ത അംഗത്വവും എടുക്കുന്നതിന് ആഹ്വാനം ചെയ്യുകയും ചെയ്തു.
സെക്രട്ടറി ജയന്‍ ടി. ആര്‍. മുൻമാസ യോഗ റിപ്പോർട്ടും, ട്രഷറർ കെ പി ശശി കണക്കും അവതരിപ്പിച്ചത് യോഗം ഏകകണ്ഠേന അംഗീകരിച്ചു.
വിവിധ വിഷയങ്ങളിലെ സജീവമായ ചർച്ചകൾക്ക് ശേഷം ടി പി പ്രസന്നന്‍ യോഗത്തിന് എത്തിച്ചേർന്നവർക്കും യോഗം നടത്തുവാൻ എല്ലാ സൗകര്യവും ഒരുക്കിത്തന്ന ആഷിഷിനും കുടുംബത്തിനും പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.
കൂട്ടായ്മയുടെ പ്രതീകമായ ഫോട്ടോ സെഷനു ശേഷം 5 ന് യോഗം അവസാനിച്ചു.

