മലപ്പുറം ജില്ലയിൽ നിലമ്പൂരിനടുത്ത് സ്ഥിതി ചെയ്യുന്ന അരിമ്പ്ര മല എന്ന മിനി ഊട്ടിയിലേക്ക് മേയ് 30 ന് തൃശൂർ ശാഖ നടത്തിയ വിനോദ യാത്ര ഏവർക്കും ആസ്വാദ്യ മധുരം പകർന്നു.രാവിലെ 6.45 ന് പുറപ്പെട്ടു 10.15 ന് ലക്ഷ്യ സ്ഥാനത്ത് എത്തി. മലപ്പുറം ജില്ല അടക്കം പല ജില്ലകളിലും മഴയെ പറ്റിയുള്ള യെല്ലോ അലർട്ട് ഉണ്ടായിരുന്നതിനാൽ എല്ലാവരുടെയും മനസ്സിൽ ചെറിയ ആശങ്ക ഉണ്ടായിരുന്നു. കാലാവസ്ഥ പ്രവചനത്തിന് പേര് ദോഷം ഉണ്ടാകാതിരിക്കാൻ എന്ന പോലെ ചെറുതായൊന്നു ചാറിപ്പോയതല്ലാതെ മഴയുടെ പ്രശ്നം ഉണ്ടായില്ല.മറിച്ച് യഥാർത്ഥ ഊട്ടിയുടെ പേർ അനുചിതം എന്ന തോന്നലുണ്ടാക്കുന്ന വിധം ഉച്ചക്ക് നല്ല ചൂടായിരുന്നു എന്നും പറയേണ്ടതുണ്ട്.
ഒറ്റ വാചകത്തിൽ പറഞ്ഞാൽ പ്രകൃതി സൗന്ദര്യം വേണ്ടതിലധികം വാരി വിതറപ്പെട്ട മനോഹരമായ ഭൂപ്രദേശം. കടൽ നിരപ്പിൽ നിന്നും 1500 അടി ഉയരത്തിൽ മലയിൽ സ്ഥാപിച്ച മിസ്റ്റി ലാന്റ് എന്ന നാച്ചുറൽ പാർക്ക്.
മലയുടെ ഉയരങ്ങളിൽ നിന്നും ചുറ്റുമുള്ള താഴ്ച്ചകളിലേക്കുള്ള കാഴ്ച്ച വർണ്ണനാതീതം.
മിനി ഊട്ടിയുടെ പ്രധാന ആകർഷണം ഗ്ലാസുകൊണ്ട് നിർമ്മിച്ച പാലമാണ്.പാലത്തിലൂടെ നടക്കുമ്പോൾ കാൽപ്പാദങ്ങൾക്ക് താഴെ വൻ വൃക്ഷങ്ങളുടെ തലപ്പുകൾ ശിഖരങ്ങൾ ആട്ടിക്കൊണ്ട് നമുക്ക് സ്വാഗതമരുളും.ഗ്ലാസ് പാലത്തിൽ പാദ രക്ഷകൾ അനുവദിക്കില്ല. ഞങ്ങൾ പാലത്തിൽ കയറുന്ന സമയത്ത് ചെറുതായി മഴ പെയ്തു. അതോടെ ഗ്ലാസ്സിലൂടെ നടക്കൽ കൂടുതൽ ബുദ്ധിമുട്ടിലായി. എന്നാലും ആ ഗ്ലാസ് ബ്രിഡ്ജ് അനുഭവം മറക്കാനാകില്ല.
കേരളത്തിലെ ഏറ്റവും വലുത് എന്ന് വിശേഷിപ്പിക്കുന്ന പ്രേത ഭവനം,സ്ഥല വിഭ്രാന്തി പകരുന്ന കണ്ണാടി നിലയം,പക്ഷി സങ്കേതം, സമുദ്രത്തിനടിയിലൂടെ നടക്കുന്ന അനുഭവം പകരുന്ന അക്വെറിയം, ദൃശ്യ വിസ്മയം തരുന്ന 16 ഡയ്മെൻഷൻ സിനിമ കൂടാതെ ആകാശ യാത്ര, കുട്ടികൾക്ക് കളിക്കാനും സാഹസീക വിനോദങ്ങൾക്കുമുള്ള സജ്ജീകരണങ്ങളും സംവിധാനങ്ങളും… മിസ്റ്റിലാന്റിലേക്കുള്ള യാത്ര വെറുതെയാവില്ല. ടിക്കറ്റ് ചാർജ്ജ് അൽപ്പം കൂടുതൽ ആണെന്ന് തോന്നാം. ഓരോ പ്രത്യേക കാഴ്ചകൾക്കും വിനോദ സംവിധാനങ്ങൾക്കും 200 രൂപ വീതം കൊടുക്കണം. ഗ്രൂപ്പിന് പ്രത്യേകം പാക്കേജ് ഉണ്ട്.
പാർക്കിലെ ഏറ്റവും ഉയരം കൂടിയ ടവറിന്റെ മുകളിൽ നിന്ന് നോക്കിയാൽ കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന വന സൗന്ദര്യത്തിൽ നമ്മൾ അറിയാതെ അലിഞ്ഞു പോകും.
മിസ്റ്റി ലാന്റിൽ നാല് മണിക്കൂറിൽ താഴെ സമയം ചെലവഴിച്ച് തിരികെ യാത്ര. നേരെ പൊന്നാനി കടപ്പുറത്തേക്ക്. അവിടത്തെ കടൽ, കടലോര കാഴ്ചകൾക്ക് ശേഷം തിരികെ തൃശൂർ വേലൂരിൽ കുറുമാൽ കുന്നിലുള്ള ആയുർ ജാക്ക് എന്ന പ്രശസ്തമായ പ്ലാവിൻ കൃഷിയിടത്തിലേക്ക്. 365 ദിവസവും ചക്ക ലഭിക്കുന്ന സ്ഥലം എന്ന വിശേഷണം ഈ കൃഷിയിടത്തിനു സ്വന്തം. വിവിധ തരത്തിലുള്ള കുഞ്ഞൻ പ്ലാവുകൾ ഒരുപാടെണ്ണം കായ്ച്ചു നിൽക്കുന്നുണ്ട്. പ്ലാവുകൾ മാത്രമല്ല വിവിധ ഇനങ്ങളിലുള്ള മാവുകൾ, ഓറഞ്ച്, ഇഞ്ചി, ഡ്രാഗ ൺ ഫ്രൂട്ട് എന്നു വേണ്ട അവിടെയില്ലാത്ത കൃഷിയിനങ്ങൾ കുറവാണെന്ന് തന്നെ പറയേണ്ടതുണ്ട്.
അകലങ്ങളിലെ അതിശയങ്ങൾ തേടി പോകുന്നതിനു മുമ്പ് തൊട്ടടുത്തുള്ള നമ്മുടെ മഹാദ്ഭുതങ്ങളെ കൂടി അറിഞ്ഞിരിക്കണം എന്നൊരു സന്ദേശം തന്നു എന്നത് മിനി ഊട്ടി യാത്രയുടെ സഫല പാഠം.
