ബഹുമാനപ്പെട്ട അംഗങ്ങളെ,
2025 ഏപ്രിൽ 27നു ആസ്ഥാന മന്ദിരത്തിൽ ചേർന്ന പ്രധിനിധി സഭാ യോഗത്തിൽ വെച്ച് തിരഞ്ഞെടുത്ത് 2025 മെയ് 25 നു ഇരിഞ്ഞാലക്കുടയിൽ ഡോ കെ എൻ പിഷാരോടി നഗറിൽ (ഗായത്രി ആഡിറ്റോറിയം) വെച്ച് നടന്ന വാർഷിക പൊതുയോഗത്തിൽ പ്രഖ്യാപിച്ച 2025 -27 വർഷത്തെക്കുള്ള പിഷാരോടി സമാജം ഭാരവാഹികൾ:
പ്രസിഡന്റ് : ശ്രീ എ രാമചന്ദ്ര പിഷാരോടി
വൈസ്
പ്രസിഡന്റുമാർ :
ശ്രീ കെ പി മുരളി
ശ്രീ സി പി രാമചന്ദ്രൻ
ജനറൽ സെക്രട്ടറി :
ശ്രീ കെ പി ഹരികൃഷ്ണൻ
ജോയിന്റ് സെക്രെട്ടറിമാർ :
ശ്രീ വി എം ഉണ്ണികൃഷ്ണൻ
ശ്രീ മുരളി പിഷാരോടി മാപ്രാണം
ട്രഷറർ:
ശ്രീ സി ജി കുട്ടി
തുളസീദളം മാനേജർ :
ശ്രീ ആർ പി രഘുനന്ദനൻ
മുഖ്യ പത്രാധിപർ:
ശ്രീമതി എ പി സരസ്വതി
പത്രാധിപർ :
ശ്രീ ഗോപൻ പഴുവിൽ
സഹ പത്രാധിപർ :
ശ്രീ ഗോകുലകൃഷ്ണൻ
അസി. മാനേജർ :
ശ്രീ രാമചന്ദ്രൻ കൊടകര
2025 ജൂൺ 22 നു സമാജം ആസ്ഥാന മന്ദിരത്തിൽ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന സംയുക്ത ഭരണ സമിതി യോഗത്തിൽ വെച്ച്
ഇൻറ്റേണൽ ഓഡിറ്റർ : ശ്രീ എം പി ഹരിദാസൻ
മേഖലാ കോഡിനേറ്റർമാർ
ദക്ഷിണ മേഖല : ശ്രീ ജെ സി പിഷാരടി
മധ്യ മേഖല: ശ്രീ സി ജി മോഹനൻ
ഉത്തരമേഖല: ശ്രീ എംപി രാമചന്ദ്രൻ
വനിതാ പ്രതിനിധികൾ: ശ്രീമതി എംപി ഉഷ കോങ്ങാട്
ശ്രീമതി രഞ്ജിനി ഗോപി തൃശ്ശൂർ
എന്നിവരെയും
തുളസീദളം പത്രാധിപ സമിതിയിലേക്ക്
ശ്രീ സി പി അച്യുതൻ
ശ്രീ മുരളി മാന്നന്നൂർ
ശ്രീ കെ എൻ വിജയൻ
ശ്രീമതി വൈകാ സതീഷ്
ശ്രീ അനൂപ് സിത്താര
എന്നിവരെയും
സമാജം വെബ്സൈറ്റ് ടീമിലേക്ക്
ശ്രീ ടി പി ശശികുമാർ
ശ്രീഭാസീരാജ്
ശ്രീ സരീഷ്
എന്നിവരെയും തിരഞ്ഞെടുത്തു.
സജീവമല്ലാത്ത ശാഖകളെ പുനഃസംഘടിപ്പിക്കാൻ
സമാജം വൈസ് പ്രസിഡണ്ട് ശ്രീ സി പി രാമചന്ദ്രൻ ചെയർമാൻ ആയും
ശ്രീ അശോക് കുമാർ കോട്ടയം
ശ്രീ എ ആർ ഉണ്ണി മഞ്ചേരി
എന്നിവരെ അംഗങ്ങളായും
ഉള്ള കമ്മിറ്റി രൂപീകരിച്ചു.
ശ്രീ കെ പി ഗോപകുമാറിനെ കേന്ദ്ര ഭരണസമിതിയിൽ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തുവാനും തീരുമാനിച്ചു.
ഭരണസമിതി യോഗങ്ങൾ
2025 മെയ് 25ലെ വാർഷിക പൊതുയോഗത്തിനുശേഷം
2025 ജൂൺ 22ന് ആസ്ഥാനം മന്ദിരത്തിൽ വച്ച് സംയുക്ത ഭരണസമിതി യോഗം
2025 ആഗസ്റ്റ് 24ന് ആസ്ഥാനം മന്ദിരത്തിൽ വച്ച് സംയുക്ത ഭരണസമിതി യോഗം
2025 നവംബർ 23ന് ആസ്ഥാനമന്ദിരത്തിൽ വച്ച് സംയുക്ത ഭരണസമിതി യോഗം
2026 ഫെബ്രുവരി 22ന് ആസ്ഥാനം മന്ദിരത്തിൽ വച്ച് സംയുക്ത ഭരണസമിതി യോഗം
2026 ഏപ്രിൽ19ന് ആസ്ഥാനം മന്ദിരത്തിൽ വച്ച് പ്രതിസഭായോഗം
എന്നിവ സമാജം പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്നിരുന്നു
ഇതുകൂടാതെ 2025 ജൂൺ ഒന്നിന് പിഷാരടി സമാജ ത്തിന്റെ ഉന്നതാധികാരസമിതി യോഗം ഓൺലൈനായി പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്നിരുന്നു
2025 ജൂലൈ 20ന് സമാജത്തിന്റെ സജീവ പ്രവർത്തകനും കേന്ദ്ര വൈസ് പ്രസിഡണ്ടും പട്ടാമ്പി ശാഖ സെക്രട്ടറിയും ആയിരുന്നു ശ്രീ എം പി സുരേന്ദ്ര പിഷാരോടിയുടെ നിര്യാണത്തിൽ അനുശോചന യോഗം വാടാനാംകുറുശ്ശിയിൽ പട്ടാമ്പി ശാഖാ മന്ദിരത്തിൽ വച്ച് ചേർന്നു
2025 ജൂലൈ 12 ന് മേഖലകോർഡിനേറ്റർമാരുടെ യോഗം ഓൺലൈനായി നടത്തി.
എല്ലാ യോഗങ്ങളിലും ഭരണസമിതി അംഗങ്ങൾ സജീവമായി പങ്കെടുക്കുകയും സംഘടനയ്ക്കും സമുദായത്തിന്റെയും വളർച്ചയ്ക്കും ഉയർച്ചയ്ക്കും വേണ്ട കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്
പിഷാരടി സമുദായത്തിന്റെ സർവ്വതോന്മുഖമായ അഭിവൃദ്ധിയാണ് സമാജത്തിന്റെ അടിസ്ഥാനപരമായ ലക്ഷ്യം
അത് സാർത്ഥകമാക്കാൻ നിലവിലെ ഭരണസമിതിക്ക് ഭാരിച്ച ഉത്തരവാദിത്വമാണ് ഉള്ളത്
ശാഖകൾ
ശാഖകളാണ് പിഷാരടി സമാജം എന്ന സംഘടനയുടെ ജീവനാഡി
കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, ചൊവ്വര, കൊടകര, ഇരിഞ്ഞാലക്കുട, തൃശ്ശൂർ, വടക്കാഞ്ചേരി, പാലക്കാട്, കോങ്ങാട്, ഗുരുവായൂർ എന്നീ ശാഖകളാണ് നിലവിൽ മിക്കവാറും എല്ലാ മാസങ്ങളിലും യോഗങ്ങൾ കൂടി റിപ്പോർട്ട് അയക്കുകയും അംഗങ്ങളെ പരമാവധി സജീവമായി നിലനിർത്തുകയും ചെയ്യുന്നത്
ആലത്തൂർ ശാഖ സജീവമാണെങ്കിലും ചില പരിമിതികൾ കാരണം എല്ലാ മാസങ്ങളിലും യോഗം ചേരാൻ പറ്റുന്നില്ല എന്ന് അറിയിച്ചിരുന്നു
പ്രമുഖ ശാഖകൾ ആയിരുന്ന പട്ടാമ്പി മഞ്ചേരി എന്നിവ എത്രയും വേഗം പഴയ പ്രൗഢിയിലേക്ക് തിരിച്ചുവരും എന്ന് പ്രതീക്ഷിക്കുന്നു. അതിനുവേണ്ട ശ്രമങ്ങൾ നടന്നു വരുന്നു.
കടത്തുരുത്തി. മൂവാറ്റുപുഴ. കോഴിക്കോട്, കണ്ണൂർ എന്നിവ എത്രയും വേഗം പുനരുജ്ജീവിപ്പിക്കേണ്ടതായിട്ടുണ്ട്.
കേരളീയേതര ശാഖകളിൽ മുംബൈ ശാഖ മാതൃകാപരമായ രീതിയിൽ ചിട്ടയായി പ്രവർത്തിച്ചുവരുന്നു.
ചെന്നൈ ശാഖ കൂടുതൽ ശക്തമായി മുന്നോട്ടു വരുമെന്ന് പ്രതീക്ഷിക്കുന്നു
പിഷാരോടി യുവാക്കൾ ഏറ്റവും കൂടുതലുള്ള ബാംഗ്ലൂർ ശാഖ പുനസംഘടിപ്പിക്കാൻ സാധിക്കാത്തത് വലിയൊരു വിഷമമായി തുടരുന്നു
പൂനെ, ഡൽഹി, ഹൈദരാബാദ്, കോയമ്പത്തൂർ എന്നിവ കൂടി ഈ വർഷം പുനഃ പുനസംഘടിപ്പിക്കേണ്ടതായിട്ടുണ്ട്.
വിദേശത്ത് യുഎഇ യിലെ നമ്മുടെ ബന്ധുക്കളുടെ കൂട്ടായ്മ തുടരുന്നു എന്നതിൽ സന്തോഷമുണ്ട്.
തൃശ്ശൂർ ശാഖ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ വളരെ ശ്ലാഘനീയമാണ്. അതോടൊപ്പം ശാഖയിലെ എല്ലാ കഴകപ്രവർത്തകരെയും വന്ദ്യവയോധികരെയും ആദരിക്കുകയും ചെയ്യുന്നു.
ഇരിഞ്ഞാലക്കുട ശാഖ കഴിഞ്ഞ കേന്ദ്ര വാർഷികം വളരെ നല്ല രീതിയിൽ നടത്തി. സാമൂഹ്യ സേവനപ്രവർത്തനങ്ങളോടൊപ്പം ശാഖയിലെ എല്ലാ കഴകപ്രവർത്തകരെയും ആദരിക്കുകയും സമ്മാനം നൽകി മാതൃകാട്ടി മാതൃക കാട്ടുകയും ചെയ്ത ശാഖയാണ് ഇരിഞ്ഞാലക്കുട. പുതിയ പെൻഷൻ പദ്ധതി പദ്ധതി നടപ്പിലാക്കിവരുന്നു എന്നറിഞ്ഞതിലും വളരെ സന്തോഷമുണ്ട്
കൊടകര ശാഖയുടെ കലാസാംസ്കാരിക കൂട്ടായ്മ എടുത്തു പറയേണ്ടതാണ്. എല്ലാ ശാഖാ യോഗങ്ങളിലും 50 ഓളം അംഗങ്ങൾ പങ്കെടുക്കുകയും പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുകയും ചെയ്യുന്നു.
തിരുവനന്തപുരം ശാഖ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വാർഷിക കലണ്ടർ പ്രിന്റ് ചെയ്തു അംഗങ്ങൾക്ക് വിതരണം ചെയ്തു വരുന്നു. ആറ്റുകാൽ പൊങ്കാലയ്ക്ക് നമ്മുടെ ഗുരുവായൂർ ഗസ്റ്റ് ഹൗസിന് പരമാവധി പബ്ലിസിറ്റി നൽകിയ ശാഖയാണ് തിരുവനന്തപുരം
പാലക്കാട് ശാഖയും മുതിർന്ന അംഗങ്ങളെ ആദരിക്കുകയും ടേബിൾ കലണ്ടർ പ്രിന്റ് ചെയ്ത് അംഗങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്തു ശാഖാ യോഗങ്ങളിൽ കലാപരിപാടികൾ കൂടി ഉൾപ്പെടുത്തുന്ന ശാഖയാണ് പാലക്കാട്
വടക്കാഞ്ചേരി ശാഖ എല്ലാവർഷവും അവരുടെ ആസ്ഥാന മന്ദിരത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുകയും കലാസാംസ്കാരിക കൂട്ടായ്മയ്ക്ക് പ്രാധാന്യം കൊടുത്ത് പ്രവർത്തിക്കുന്നു.
മുംബൈ ശാഖ എല്ലാവർഷവും കേരളീയ കലകളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ കലാപരിപാടികൾ സംഘടിപ്പിക്കുകയും വളരെ പ്രൊഫഷണൽ ആയ രീതിയിൽ പൊതുയോഗങ്ങൾ നടത്തുകയും ചെയ്തു വരുന്നു.
ദൂര പരിമിതിക്ക് അതീതമായി അംഗങ്ങളെ സജീവമായി നിലനിർത്തുന്ന ശാഖയാണ് മുംബൈ.
കോങ്ങാട്, പട്ടാമ്പി, തൃശ്ശൂർ എന്നീ ശാഖകൾ പിഷാരോടിമാരുടെ ചടങ്ങുകൾ വളരെ നല്ല രീതിയിൽ ചെയ്തുകൊടുക്കുന്നു. വളരെയേറെ ബുദ്ധിമുട്ടുകൾ സഹിച്ചാണ് കോങ്ങാട് ശാഖാ മന്ദിരത്തിലും പട്ടാമ്പി ശാഖാ മന്ദിരത്തിലും തൃശൂർ സമാജം ആസ്ഥാനമന്ദിരത്തിലും മരണാനന്തര ചടങ്ങുകൾ ചിട്ടയോടെയും ഭംഗിയായും നടത്തിവരുന്നത്. അതിനു വേണ്ടി അക്ഷീണം പ്രവർത്തിക്കുന്നവരെ പ്രത്യേകം അഭിനന്ദിക്കുന്നു.
സമാജം ഗോൾഡൻ ജൂബിലി വർഷത്തിലേക്ക്
1977 രജിസ്റ്റർ ചെയ്ത പിഷാരടി സമാജത്തിന്റെ അമ്പതാം വാർഷികം 2027ൽ ആണ് ആഘോഷിക്കുന്നത്.
പിഷാരടി സമാജം രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് തന്നെ പ്രവർത്തനമാരംഭിച്ച ശാഖകളാണ് ചൊവ്വരയും കൊടകരയും.
അതിൽ ചൊവ്വര ശാഖ കഴിഞ്ഞ 50 വർഷങ്ങളായി ഒരു മുടക്കവും കൂടാതെ സജീവമായി പ്രവർത്തിച്ചുവരുന്നു.
2026ൽ ചൊവ്വര ശാഖ 50 വർഷങ്ങൾ പൂർത്തിയാക്കുകയാണ്. 2025 നവംബർ 23ൽ കൂടിയ സംയുക്ത ഭരണസമിതി യോഗത്തിൽ വച്ച് എടുത്ത തീരുമാനപ്രകാരം 2026 മെയ് 10ന് ചൊവ്വര ശാഖ ജയന്തി ദിവസം ആരംഭിച്ച് 2027 മെയ് വരെ ഒരു വർഷം സുവർണ്ണ ജൂബിലി വർഷമായി ആഘോഷിക്കുവാൻ തീരുമാനിച്ചു. അതിനുവേണ്ടി സമാജത്തിൽ മേഖലാ തലത്തിൽ ആലോചനായോഗങ്ങൾ നടത്തി
11/ 01/ 2026ന് ചൊവ്വര വെച്ച് ദക്ഷിണ മേഖലയോഗം
18/01/ 2026 പാലക്കാട് വെച്ച് ഉത്തര മേഖലാ യോഗം
08/02/20026 ന് തൃശ്ശൂരിൽ വച്ച് മധ്യ മേഖലാ യോഗം എന്നിവ നടത്തി.
ആലോചനാ യോഗങ്ങളിൽ ഉരുത്തിരിഞ്ഞു വന്ന ആശയങ്ങൾ അനുസരിച്ച് സുവർണ്ണ ജൂബിലി ആഘോഷത്തിന് പ്രത്യേകമായ ലോഗോ, തീം സോങ്, പ്രത്യേക പതാക എന്നിവ വേണം എന്ന് തീരുമാനിച്ചു.
2002ൽ ആഘോഷിച്ച സിൽവർ ജൂബിലിയിൽ വെച്ചാണ് ഗുരുവായൂർ ഗസ്റ്റ് ഹൗസ് എന്ന ബ്രഹത് പദ്ധതി നമ്മൾ പ്രഖ്യാപിച്ചത്. അതുപോലെ ഗോൾഡൻ ജൂബിലിക്ക് മഹത്തായ ഒരു പദ്ധതി ആസൂത്രണം ചെയ്യുവാനും തീരുമാനിച്ചു.
സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ശ്രീ രാജൻ രാഘവനെ ജനറൽ കൺവീനറായും ശ്രീ ഋഷികേശ് പിഷാരടി (എറണാകുളം) ഫിനാൻസ് കൺവീനറായും തിരഞ്ഞെടുത്തു. എല്ലാ ശാഖകളിൽ നിന്നും കോഡിനേറ്റർമാരെയും മേഖലകളിൽ കൺവീനർമാരും വേണമെന്ന് നിശ്ചയിച്ചു.
അടുത്ത ഒരു വർഷക്കാലം എല്ലാ ശാഖകളെയും ഉൾക്കൊള്ളിച്ചുകൊണ്ട് കലാസാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ച് അതിലൂടെ ലോകം മുഴുവനും ഉള്ള നമ്മുടെ സമുദായ അംഗങ്ങളെ ഒത്തുചേർക്കാൻ ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാവണം എന്ന് അഭ്യർത്ഥിക്കുന്നു.
2027ൽ രണ്ടായിരത്തിലധികം അംഗങ്ങളെ ഉൾപ്പെടുത്തി വമ്പിച്ച സുവർണ്ണ ജൂബിലി ആഘോഷം സംഘടിപ്പിക്കുകയും ഒരു മെഗാ പ്രോജക്ട് നടപ്പിലാക്കുകയും വേണം. ഇതിന് എല്ലാ കേന്ദ്ര ശാഖ ഭാരവാഹികളും അംഗങ്ങളും സജീവമായി പ്രവർത്തിക്കുകയും സഹായസഹകരണങ്ങൾ നൽകുകയും വേണം.
പിഷാരടി സമാജത്തിന് സ്വന്തമായി ഒരു ക്ഷേത്രം
കഴിഞ്ഞ അര നൂറ്റാണ്ടിന്റെ ചരിത്രത്തിൽ ആദ്യമായി പിഷാരടി സമാജത്തിന് സ്വന്തമായി ഒരു ക്ഷേത്രം എന്ന സ്വപ്നം പൂവണിയാൻ പോകുന്നു. കൊടകര പാറേക്കാട്ടുകര ഗോവിന്ദപുരം പിഷാരത്തിന്റെ അധീനതയിലുള്ള പുരാതന ക്ഷേത്രമായ പാറൺറേക്കാട്ടുകര ഗോവിന്ദപുരം ക്ഷേത്രത്തിന്റെ നടത്തിപ്പ് പിഷാരടി സമാജത്തിന്റെ കീഴിൽ ആക്കുവാൻ ക്ഷേത്രത്തിലെ നിലവിലെ ട്രസ്റ്റിയായ ശ്രീ രാജൻ രാഘവൻ തയ്യാറാവുകയും അതിന്റെ സാങ്കേതിക വശങ്ങൾ വിശകലനം ചെയ്തു വിജയകരമായി മുന്നോട്ടുപോവുകയും ചെയ്യുന്നു. ഇന്ന് ഇവിടെ കൂടിയ പ്രതിനിധികളുടെ കൂടി അംഗീകാരത്തോടു കൂടി ഈ മഹത്തായ ഉദ്യമമായി മുന്നോട്ടു പോവുകയാണ്.
അമ്പലവാസികളായ നമുക്ക് ധാരാളം ക്ഷേത്രങ്ങളുടെ ഉടമസ്ഥാവകാശം സിദ്ധിച്ച് മുന്നേറാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
തുളസീദളം മാസിക
പിഷാരോടി സമാജ ത്തിന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന വികാരമാണ് തുളസീദളം മാസിക.
എല്ലാ മാസവും നമ്മളെ തേടിയെത്തുന്ന തുളസീദളം, എല്ലാ പിഷാരടി ഭവനങ്ങളുടെയും അലങ്കാരമായി തുടരുന്നു.
കെട്ടിലും മട്ടിലും നല്ല ചന്തമുള്ള തുളസീദളം പക്ഷെ പല മാസങ്ങളിലും ഉള്ളടക്കത്തിന്റെ കാര്യത്തിൽ കുറച്ചു പുറകിലോട്ട് പോകുന്നു എന്ന് പറയാതെ വയ്യ.
ഓരോ മാസവും തുളസീദളം പ്രസിദ്ധീകരിക്കാൻ വളരെയേറെ അധ്വാനം ആവശ്യമായിട്ടുണ്ട്. പരാതികൾക്ക് ഒന്നും ഇടനല്കാതെ വളരെ നല്ല രീതിയിൽ പ്രസിദ്ധീകരിക്കുന്ന തുളസീദളത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്ന മാനേജർ ശ്രീ ആർ പി രഘുനന്ദൻ, ഉള്ളടക്കത്തിന്റെ കാര്യം കൈകാര്യം ചെയ്യുന്ന പത്രാധിപർ ശ്രീ ഗോപൻ പഴുവിൽ എന്നിവരെ എത്ര പ്രശംസിച്ചാലും മതിയാവില്ല.
പരസ്യങ്ങളും നല്ല രചനകളും നൽകി തുളസീദത്തിനെ കൂടുതൽ സുന്ദരമാക്കുവാൻ എല്ലാ അംഗങ്ങളും ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഓരോ മാസവും മനോഹരമായ മുഖചിത്രം കൊടുക്കുന്നത് ശ്രീ രാജൻ രാഘവൻ ആണ്. പത്രാദിവസമിതി അംഗങ്ങൾ കുറച്ചു കൂടി സജീവമാവണമെന്നും അഭ്യർത്ഥിക്കുന്നു.
2025 സെപ്റ്റംബർ മാസത്തിലെ ഓണപ്പതിപ്പ് എല്ലാ പേജുകളും കളർ പേജുകൾ ആയി
പ്രസിദ്ധീകരിക്കുവാൻ നമുക്ക് കഴിഞ്ഞു.
തുളസീദളം സാഹിത്യ പുരസ്കാരം
2024 ~25 വർഷത്തിലാണ് ആദ്യമായി തുളസീദളം സാഹിത്യ പുരസ്കാര വിതരണം ആരംഭിച്ചത്.
ഈ വർഷം 2025 സെപ്റ്റംബർ 21ന് പി ഇ & ഡബ്ല്യു എസ് ൻെറ അവാർഡ് സ്കോളർഷിപ്പ് വിതരണത്തോടൊപ്പമാണ് തുളസിദളം സാഹിത്യ പുരസ്കാര വിതരണവും നടന്നത്.
2025 സെപ്റ്റംബർ 21ന് തൃശ്ശൂരിൽ കൗസ്തുഭം ഓഡിറ്റോറിയത്തിൽ വച്ച് പ്രശസ്ത സാഹിത്യകാരനും പ്രഭാഷകനുമായ ശ്രീ പി ആർ നാഥന് തുളസീദളം സാഹിത്യ പുരസ്കാരം സമർപ്പിച്ചു. ബഹു. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ ആണ് യോഗം ഉദ്ഘാടനം ചെയ്തതും പുരസ്കാരം സമർപ്പിച്ചതും.
സർഗ്ഗപ്രതിഭാ പുരസ്കാരം ശ്രീ രാജഗോപാലൻ ആനായത്തിന് നൽകി. കഴിഞ്ഞ ഒരു വർഷക്കാലത്ത് തുളസീദളത്തിൽ പ്രസിദ്ധീകരിച്ച വിജ്ഞാനപ്രദങ്ങളായ ലേഖനങ്ങൾ കണക്കിലെടുത്താണ് ശ്രീ രാജഗോപാലൻ ആനായത്തിന് പുരസ്കാരം നൽകിയത്. കുട്ടികളിലെ എഴുത്തുകാർക്ക് നല്കുന്ന നവമുകുളം എന്ന പുരസ്കാരത്തിന് ഇപ്രാവശ്യം ആരും ഉണ്ടായിരുന്നില്ല എന്ന് ഖേദപൂർവ്വം അറിയിക്കുന്നു.
PE&WS
പിഷാരടി എജുക്കേഷണൽ ആൻഡ് വെൽഫെയർ സൊസൈറ്റി നമ്മുടെ സംഘടനയുടെ സേവന പ്രവർത്തനങ്ങളുടെ മുഖമാണ്.
PET 2000, വിദ്യാഭ്യാസ അവാർഡുകൾ, സ്കോളർഷിപ്പുകൾ, വിദ്യാഭ്യാസ ധനസഹായ പദ്ധതികൾ, ചികിത്സാസഹായ പദ്ധതികൾ, കഴകക്കാർക്കുള്ള ഇൻഷുറൻസ് പദ്ധതി തുടങ്ങി നിരവധി സാമൂഹ്യ ക്ഷേമ പദ്ധതികൾ വിജയകരമായി നടത്തിവരുന്നു.
വളരെ നല്ല രീതിയിൽ കണക്കുകൾ രേഖപ്പെടുത്തുകയും എല്ലാ മാസവും കൃത്യമായി പെൻഷൻകാർക്ക് പെൻഷൻ തുക അയച്ചു കൊടുക്കുകയും ചെയ്യുന്ന ട്രഷറർ ശ്രീ രാജൻ എ പിഷാരോടിയുടെ സേവനങ്ങളെ മുക്തകണ്ഠം പ്രശംസിക്കുന്നു.
സെക്രട്ടറി ശ്രീ അജയകുമാറും സമയോചിതമായി നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
കഴിഞ്ഞ വർഷങ്ങളെപ്പോലെ തന്നെ ഇപ്രാവശ്യവും പെൻഷൻകാർക്ക് ഓണപ്പുടവ നൽകാൻ കഴിഞ്ഞതിലും വിഷുക്കൈനീട്ടം നൽകാൻ കഴിഞ്ഞതും കഴിഞ്ഞതിലും സന്തോഷമുണ്ട്.
പെൻഷൻ പദ്ധതിയുടെ ഡെപ്പോസിറ്റ് തുക ഒരു കോടി ആക്കണം എന്നതാണ് നമ്മുടെ അടുത്ത ലക്ഷ്യം.
പിഷാരടി എജുക്കേഷണൽ ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ ഈ വർഷത്തെ അവാർഡ് സ്കോളർഷിപ്പ് വിതരണയോഗം വളരെ നല്ല രീതിയിൽ നടത്തുവാൻ കഴിഞ്ഞു.
പിഷാരോടി പിൽഗ്രിമേജ് & ടൂറിസം ഡെവലപ്മെന്റ് ട്രസ്റ്റ്.
പി പി & ടി ഡി റ്റി യുടെ കീഴിലുള്ള ഗുരുവായൂർ ഗസ്റ്റ് ഹൗസ് പിഷാരോടി സമാജത്തിൻെറ ബിസിനസ് മുഖമാണ്.
വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഗസ്റ്റ് ഹൗസിന്റെ കാര്യങ്ങൾ ദൈന്യം ദിനമായി സസൂക്ഷ്മം വിലയിരുത്തി മുന്നേറുന്ന സെക്രട്ടറി ശ്രീ കെ പി രവിയെ അനുമോദിക്കുന്നു. അദ്ദേഹത്തിന് എല്ലാ സഹായങ്ങളും ചെയ്ത് ശക്തമായി കൂടെ നിൽക്കുന്ന ട്രഷറർ ശ്രീ എ പി ഗോപിയെയും അനുമോദിക്കുന്നു.
2003 ~2013 കാലയളവിലെ ഡെപ്പോസിറ്റുകൾക്ക് ആദ്യഘട്ട പലിശ കൊടുത്തു തുടങ്ങി എന്നതാണ് ഈ വർഷത്തെ ഏറ്റവും വലിയ നേട്ടം.
വാങ്ങുന്ന ചെറിയ റൂം വാടകയ്ക്ക് ഉള്ള സൗകര്യങ്ങൾ അവിടെയുണ്ടെങ്കിലും കുറെ നല്ല മാറ്റങ്ങൾ ഗസ്റ്റ് ഹൗസിൽ വേണമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു. അതെല്ലാം നടപ്പിലാക്കുവാൻ ഇനി വരുന്ന സമയങ്ങളിൽ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.
സമാജത്തിന്റെ സുവർണ്ണ ജൂബിലിക്ക് പ്രഖ്യാപിക്കുന്ന മെഗാ പ്രൊജക്റ്റ് പി പി & ടി ഡി ടി യുടെ കീഴിൽ ആവണം എന്ന് ആഗ്രഹിക്കുന്നു.
സമാജം വെബ്സൈറ്റ്
പിഷാരടി സമുദായത്തിലെ വാർത്തകൾ, അനുശോചനങ്ങൾ, അനുമോദനങ്ങൾ, എന്നിവ അപ്പപ്പോൾ നമ്മുടെ കൈകളിൽ എത്തിക്കുന്നത് സമാജം വെബ്സൈറ്റാണ്. ദിവസവും രാവിലെ പിറന്നാളുകാർക്കുള്ള ആശംസകൾ വായിച്ചാണ് നമ്മുടെ ദിവസം തുടങ്ങുന്നത് തന്നെ. തുളസീദളവും വെബ്സൈറ്റും സംയുക്തമായാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ഒരു വർഷം വെബ്സൈറ്റിന് സാങ്കേതികമായി ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴും അത് പൂർണമായി പരിഹരിക്കാൻ കഴിഞ്ഞില്ല എന്ന ദുഃഖവും ഉണ്ട്. എത്രയും വേഗം വെബ്സൈറ്റിന്റെ പുതിയ മുഖം നമുക്ക് അനുഭവവേദ്യമാവും എന്ന് വിശ്വസിക്കുന്നു.
കർക്കിടക മാസത്തിൽ നടത്തിവരുന്ന രാമായണ പാരായണം വെബ്സൈറ്റിന്റെ നേതൃത്വത്തിലാണ് നടത്തുന്നത്.
2025 ജൂലൈ 17 മുതൽ ആഗസ്റ്റ് 16 വരെയാണ് രാമായണ പാരായണ സത്സംഗം നടത്തിയത്. ആദ്യദിവസം ഗുരുവായൂർ ഗസ്റ്റ് ഹൗസിൽ രാവിലെ 10 മണി മുതൽ തുളസീദളം ചീഫ് എഡിറ്റർ ശ്രീമതി സരസ്വതി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ നാരായണീയ പാരായണത്തോടെയാണ് ഈ വർഷത്തെ സത്സംഗം ആരംഭിച്ചത്. പ്രശസ്ത പ്രഭാഷകയും അധ്യാപികയുമായ ഡോ. ലക്ഷ്മി ശങ്കർ വൈകുന്നേരം രാമായണ പാരായണം ഉദ്ഘാടനം ചെയ്തു. കൊടകര ശാഖ അംഗങ്ങൾ ശ്രീ ടി പി രാമചന്ദ്രന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച “ഭാവയാമി രഘുരാമം” എന്ന നിഴൽ നൃത്തം വ്യത്യസ്തമായ അനുഭവമായി. തുടർന്നുള്ള ദിവസങ്ങളിൽ രാത്രി എട്ടുമണിക്ക് ഓൺലൈനായി ആണ് പാരായണം നടന്നത്. സമാപനം തൃശൂർ ആസ്ഥാന മന്ദിരത്തിൽ ആയിരുന്നു. ആചാര്യൻ ശ്രീ രാജൻ രാഘവന്റെ നേതൃത്വത്തിൽ ആണ് പാരായണം എല്ലാ ദിവസവും സംഘടിപ്പിച്ചത്.
ഈ വർഷം ഒരു മാസക്കാലം മുഴുവൻ സാങ്കേതിക സഹായം നൽകിയത് പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന ഗോവിന്ദ് ഹരികൃഷ്ണൻ ആണ് എന്നും എടുത്തു പറയേണ്ടതാണ്.
വെബ്സൈറ്റിന്റെ കാര്യങ്ങൾ നോക്കി നടത്തുന്ന ശ്രീ ടി പി ശശികുമാറിനെയും ശ്രീ സരീഷിനെയും ഈ അവസരത്തിൽ അനുമോദിക്കുന്നു.
തുളസീദളം കലാസാംസ്കാരിക സമിതി
2025 ഏപ്രിൽ 16ന് നമ്മുടെ സ്വകാര്യ അഹങ്കാരമായ ശ്രീ രമേഷ് പിഷാരടി ഉദ്ഘാടനം നിർവഹിച്ച് ഔദ്യോഗികമായി തുടക്കം കുറിച്ചു.
കലാസാംസ്കാരിക പ്രവർത്തകരെ ഏകോപിപ്പിച്ച് യുവനിരയെ മുന്നോട്ടു കൊണ്ടു വരാനുള്ള ശ്രമങ്ങൾ തുടരുന്നു.
ശാഖകൾ ഇത് പൂർണരീതിയിൽ ഏറ്റെടുത്തിട്ടില്ല എന്നതാണ് കലാസാംസ്കാരിക സമിതിയുടെ മെല്ലെ പോക്കിനുള്ള ഒരു കാരണം. കോങ്ങാട് ശാഖ പോലെ കലാപ്രവർത്തകർ ധാരാളമുള്ള ശാഖ ഇപ്പോൾ ഇത് ഏറ്റെടുത്തിട്ടുണ്ട് എന്നത് സന്തോഷം നൽകുന്നു. പ്രശസ്തമൃതംഗ വിദ്വാൻ ഡോ ജയകൃഷ്ണനെ പോലെയുള്ളവരുടെ സഹായം നമുക്ക് ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുള്ളതും പ്രത്യാശ വർദ്ധിപ്പിക്കുന്നു.
ഉപസംഹാരം
സമാജത്തിന്റെ ഊർജ്ജസ്വലനായ പ്രസിഡന്റ് ശ്രീ രാമചന്ദ്രൻ പിഷാരിയുടെ നേതൃത്വമാണ് ഇപ്പോൾ നമ്മുടെ യഥാർത്ഥ ശക്തി. സമാജത്തിന്റെയും അനുബന്ധ വിങ്ങുകളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നല്കി മുന്നിൽ നിന്ന് നയിക്കുകയും ചെയ്യുന്ന ചന്ദ്രേട്ടന്റെ നേതൃത്വപാടവം പ്രവർത്തകർക്ക് വലിയ ഊർജ്ജം നല്കുന്നു.
നമുക്ക് ധാരാളം സ്വപ്നങ്ങൾ ഉണ്ട് അവയെല്ലാം യാഥാർത്ഥ്യമാക്കാനുള്ള വഴികളും ഉണ്ട് അതിനുവേണ്ടി പ്രവർത്തിക്കുക എന്ന ഒരു കാര്യം മാത്രമേ ചെയ്യേണ്ടതായിട്ടുള്ളൂ.
വരാൻ പോകുന്ന ഗോൾഡൻ ജൂബിലി വർഷം പിഷാരടി സമുദായത്തിന് അവിസ്മരണീയമായ വർഷം ആവട്ടെ.
നമ്മുടെ ബന്ധുജനങ്ങളെ എല്ലാവരെയും “ഉൾപ്പെടുത്തുക, ഒന്നിപ്പിക്കുക, ഉയരുക” എന്നതാവട്ടെ നമ്മുടെ മുദ്രാവാക്യം.
ഗോൾഡൻ ജൂബിലി വർഷത്തിലേക്ക് ഒന്നിച്ചു കാലെടുത്തുവെക്കാൻ പോകുന്നതിന് മുൻപുള്ള ഈ വാർഷിക റിപ്പോർട്ട് ഏവരുടെയും അംഗീകാരത്തിനായി സമർപ്പിക്കുന്നു.
എന്ന് സ്നേഹാദരങ്ങളോടെ
കെ പി ഹരികൃഷ്ണൻ
ജനറൽ സെക്രട്ടറി

